ഏറ്റവും ആധുനികമാധ്യമങ്ങളിലെ ഏറ്റവും മികച്ച സഞ്ചാരസാഹിത്യകാരനാണ്‌ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യവും വിജ്‌ഞാനപ്രദവുമാണ്‌ സഞ്ചാരം.
പി.സി. ജോര്‍ജ്‌
ഗവ. ചീഫ്‌ വിപ്പ്‌
അറിയാത്ത നാടുകളിലേക്ക്‌ മലയാളികളെ ഒന്നാകെ കൈപിടിച്ചുകൊണ്ടുപോവുകയാണ്‌ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര. സാധാരണക്കാര്‍ക്ക്‌ ലോകപരിചയമുണ്ടാക്കിയ ഏക പരിപാടിയാണ്‌ സഞ്ചാരം എന്നുപറയാം.
കെ. അജിത്‌
എം.എല്‍.എ
ഓരോ യാത്രയും അപാരമായ അറിവിലേക്കുള്ള ദൂരസഞ്ചാരമാണ്‌. മലയാളികളില്‍, യാത്ര നടത്താത്തവരെയും വലിയ അറിവുകളിലേക്ക്‌ കൊണ്ടുപോവുകയാണ്‌ സഞ്ചാരം.
പാണക്കാട്‌ സയ്യിദ്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍
സഞ്ചാരസാധ്യതയുടെ അവസാനത്തെ അതിരുവരെ മലയാളിയെ എത്തിക്കുകയാണ്‌ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര. പ്രേക്ഷകന്‌ ഇത്രയും അനുഭവവേദ്യമായ മറ്റൊരു പരിപാടി ഇല്ലതന്നെ.
രാധാകൃഷ്‌ണന്‍ എം.ജി.
മാധ്യമപ്രവര്‍ത്തകന്‍
അനുഭവങ്ങളുടെ വെളിച്ചം. അറിവിന്റെ തിളക്കം. കാഴ്‌ചയുടെ സുഖം. പ്രേക്ഷകന്റെ സാക്ഷ്യപത്രം. സഞ്ചാരം സഫലം...
ജഗദീഷ്‌
എസ്‌.കെ.പൊറ്റെക്കാട്ടിനുശേഷം മലയാളത്തില്‍ സഞ്ചാരവിസ്‌മയം തീര്‍ക്കുകയാണ്‌ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര. വിസ്‌മയകരമായ ഒരു ദൃശ്യ-ശ്രാവ്യ അനുഭവമാണ്‌ സഞ്ചാരം.
സിപ്പി പള്ളിപ്പുറം
പ്രപഞ്ചസൗന്ദര്യവും ലോകസംസ്‌കൃതിയുടെ സൗരഭ്യവും വിശ്വമാനവികതയുടെ വ്യത്യസ്‌തതകളും സമന്വയിപ്പിച്ച്‌ പ്രേക്ഷകന്‌ അനുഭവവേദ്യമാക്കാന്‍ സഞ്ചാരത്തിനു കഴിയുന്നു. മലയാളികള്‍ക്ക്‌ ലോകപരിചയമുണ്ടാക്കിയ വൈജ്‌ഞാനിക പരിപാടികൂടിയാണിത്‌.
ചെറിയാന്‍ ഫിലിപ്പ്‌
കാലദേശങ്ങള്‍കാത്ത പാദമുദ്രകള്‍ക്കൊക്കെ
ജീവചാരുതയോടെ ചിറകുമുളപ്പിച്ചോന്‍
ഭൂമിതന്‍ മഹത്തായ കര്‍മ്മസംസ്‌കാരത്തിന്റെ
ശ്രീമുഖം കാണിക്കുന്ന സഞ്ചാരി ജയിക്കട്ടെ
പി.കെ. ഗോപി
കവി, ഗാനരചയിതാവ്‌
സഞ്ചാരം ഓരോ ആഴ്‌ചയിലും കാത്തിരുന്നുകാണുന്ന ആളാണ്‌ ഞാന്‍. യാത്ര ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ യാത്ര ചെയ്യാതെതന്നെ യാത്രാനുഭവം നല്‍കുകയാണ്‌ സഞ്ചാരം.
വി.ഡി. സതീശന്‍
എം.എല്‍.എ
സന്തോഷ്‌ ജോര്‍ജ്‌ കടന്നുപോകുന്ന പല വഴികളിലൂടെയും ഞാന്‍ മുമ്പ്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. പക്ഷേ, ഇത്ര സൂക്ഷ്‌മവും ഹൃദയംഗമവുമായി ഓരോ ദൃശ്യവും നിരീക്ഷിച്ചറിയാനായിട്ടില്ല. ഇപ്പോള്‍ സഞ്ചാരത്തില്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകനാണ്‌ ഞാന്‍
ഡോ. ജോര്‍ജ്‌ ഓണക്കൂര്‍
ആഡ്രിയാറ്റിക്‌ തീരങ്ങളിലെ മുന്തിരിത്തോപ്പുകള്‍, പാരീസിലെ ടാവേണുകള്‍, മൊറോക്കോയിലെ പൗരാണികമായ മണ്‍നിര്‍മ്മിതികള്‍...
എത്ര പെട്ടെന്നാണ്‌ സഞ്ചാരി നമ്മളായി മാറുന്നത്‌!
ടിക്കറ്റെടുക്കേണ്ട. യാത്രാരേഖകള്‍ കരുതേണ്ട. ഹാ! എത്രയെത്ര രമണീയ യാത്രകള്‍!
റോസ്‌ മേരി
സഞ്ചാരത്തിന്‍െറ കൂടെ അതുകാണുന്ന ഓരോരുത്തരും യാത്രചെയ്യുന്നുണ്ട്‌. ഓരോ മലയാളിയെയും ലോകവീക്ഷണമുള്ളവരാക്കുന്ന വലിയൊരു ദൗത്യമാണ്‌ ഇത്‌ നിര്‍വഹിക്കുന്നത്‌
ലീലാ മേനോന്‍
വലിയ ലോകത്തെ ചെറിയ ടെലിവിഷന്‍ ചെപ്പിലൊതുക്കി മനോഹരമായി അവതരിപ്പിക്കുന്ന സഞ്ചാരം മലയാളിയുടെ ദൃശ്യ-ശ്രാവ്യ സംസ്‌കാരത്തിന്‌ പുതിയൊരു മാനം നല്‍കിയിരിക്കുന്നു.
പ്രൊഫ. എസ്‌. ശിവദാസ്‌
ബാലസാഹിത്യകാരന്‍
സഞ്ചാരം മലയാളത്തില്‍ ആദ്യമായി യാത്രയെ ദൃശ്യാനുഭവമാക്കിക്കൊണ്ട്‌ ഒരു പുതിയ പാത തുറന്നു. അത്‌ മലയാളികളുടെ ലോകചക്രവാളങ്ങളെ ആസ്വാദ്യകരവും മൗലികവുമായ ഒരു തലത്തില്‍ വിശാലമാക്കിക്കൊണ്ടിരിക്കുന്നു
സക്കറിയ
യാത്രകള്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്‌ സന്തോഷ്‌ ജോര്‍ജിന്റെ സഞ്ചാരം. ഓരോരുത്തരുടെയും അഭിരുചികള്‍ മുന്‍കൂട്ടിയറിയുംവിധമാണ്‌ അദ്ദേഹം ഈ പരിപാടി തയാറാക്കിയിരിക്കുന്നത്‌.
കെ.എം. റോയ്‌
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
ടെലിവിഷന്‍ ട്രാവലോഗിന്‌ പുതിയൊരു ഭാവവും രൂപവും നല്‍കിയ, ശരീരത്തിന്റെയും മനസിന്റെയും ദൂരസഞ്ചാരമാണ്‌ സന്തോഷിന്റേത്‌.
ഒ.കെ. ജോണി
നിരൂപകന്‍, കോളമിസ്‌റ്റ്‌
മലയാളിയുടെ യാത്രാജീവിതത്തെ `സഞ്ചാര'ത്തിനു മുന്‍പും പിന്‍പും എന്ന്‌ വേര്‍തിരിക്കുന്നതില്‍ അതിശയോക്‌തിയില്ല. കാരണം ഇത്തരത്തില്‍ മലയാളിയെ സ്വാധീനിച്ച ലോകയാത്ര വേറെയില്ല.
ബെന്യാമിന്‍
എഴുത്തുകാരന്‍
യാത്രയും അതിന്റെ പശ്‌ചാത്തലവും ഹൃദയസ്‌പര്‍ശിയാവുമ്പോള്‍ പ്രേക്ഷകര്‍ സമയമറിയാതെ - തന്നെ അറിയാതെ - അതില്‍ മുഴുകും. സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയുടെ യാത്രാവിവരണം നമ്മെ അലോസരമില്ലാത്ത യാത്രാനുഭവത്തിലേക്ക്‌ കൊണ്ടുപോകുന്നു.
എം.പി. വീരേന്ദ്രകുമാര്‍
സാംസ്‌കാരിക നായകന്‍, എഴുത്തുകാരന്‍
ഒരുകാര്യം എനിക്കറിയാം. സ്വന്തം ശരീരഭാഗം പോലെയാണ്‌ യാത്രാവേളയില്‍ സന്തോഷ്‌ ക്യാമറയെ കാണുന്നത്‌. ഞാന്‍ കാണുന്നത്‌ എന്റെ ക്യാമറയും കാണുന്നു എന്ന്‌ അദ്ദേഹം ഉറപ്പുവരുത്തുന്നുണ്ട്‌. സാധാരണഗതിയില്‍ രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്ന്‌ തയ്യാറാക്കേണ്ട പരിപാടിയാണ്‌ സന്തോഷ്‌ ഒറ്റയ്‌ക്ക്‌ ചെയ്‌തുതീര്‍ക്കുന്നത്‌.
എം.വി. നികേഷ്‌കുമാര്‍
സി.ഇ.ഒ റിപ്പോര്‍ട്ടര്‍ ടി.വി
ഈ സഞ്ചാരം എനിക്ക്‌ ഏറ്റവും ഹൃദ്യം. ഇത്‌ ജീവിതങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുന്നു. സംസ്‌കാരങ്ങളെക്കുറിച്ച്‌ അറിവുപകരുന്നു. ബന്‌ധങ്ങള്‍ ദൃഡമാകണമെന്ന ആഗ്രഹം വളര്‍ത്തുന്നു...
ജി. കാര്‍ത്തികേയന്‍
ബഹു. സ്‌പീക്കര്‍, കേരള നിയമസഭ
ഞാനും എന്റെ ഭാര്യ ലൈലയും വളരെ സന്തോഷത്തോടെ കാണുന്ന പരിപാടിയാണ്‌ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയുടെ സഞ്ചാരം. ഞങ്ങള്‍ കണ്ടിട്ടില്ലാത്ത ലോകങ്ങളിലേക്കും കാലങ്ങളിലേക്കും സംസ്‌കാരങ്ങളിലും ഇത്‌ ഞങ്ങളെ കൊണ്ടുപോകുന്നു. സന്തോഷിന്റെ ലോകയാത്രയില്‍ ഇപ്പോള്‍ ഞങ്ങളും സഹയാത്രികരായിക്കഴിഞ്ഞു...
പെരുമ്പടവം ശ്രീധരന്‍
പ്രസിഡന്റ്‌, കേരള സാഹിത്യ അക്കാദമി
ജീവിച്ചു കൊതിതീരാതെ, കാണാകാഴ്‌ചകള്‍തേടി യാത്രകള്‍ പോകണമെന്ന്‌ മനസിനോട്‌ സ്വകാര്യം പറയുന്ന മായാവലയം. അത്‌ സഞ്ചാരം
എം. ജയചന്ദ്രന്‍
സംഗീതസംവിധായകന്‍